Thursday, May 8, 2014

Intex Aqua QWERTY for Rs. 4990/-

ഇന്‍ഡെക്‌സ് അക്വാ ക്യുവെര്‍ട്ടി; വില 4,990 രൂപ

 

കമ്പ്യൂട്ടറിന് സമാനമായ കീപാഡുള്ള ഫോണുകള്‍ക്ക് 'ക്യുവെര്‍ട്ടി' എന്നാണ് വിളിപ്പേര്. കീപാഡില്‍ ആദ്യനിരയിലെ ക്യു, ഡബ്ല്യു, ഇ, ആര്‍, ടി, വൈ എന്നീ അക്ഷരക്കൂട്ടം ലോപിച്ചുണ്ടായതാണ് ഈ പേര്. ബ്ലാക്ക്‌ബെറി ഫോണുകളുടെ മുഖമുദ്ര തന്നെ ക്യുവെര്‍ട്ടി ടൈപ്പ് കീപാഡുകളായിരുന്നു. നോക്കിയയും നിരവധി ക്യുവെര്‍ട്ടി മോഡലുകള്‍ ഇറക്കി. ഒരു കീയില്‍ മൂന്ന് അക്ഷരങ്ങള്‍ വരുന്ന പഴഞ്ചന്‍ കീപാഡുകള്‍ക്ക് പകരം ഓരോ അക്ഷരത്തിനും ഓരോ കീപാഡ് എന്നതാണ് ക്യുവെര്‍ട്ടിയുടെ പ്രത്യേകത. തെറ്റില്ലാതെ വേഗത്തില്‍ മെസേജുകള്‍ ടൈപ്പ് ചെയ്യാന്‍ ക്യുവെര്‍ട്ടി സഹായിക്കും.

ടച്ച്‌സ്‌ക്രീന്‍ ഫോണുകളുടെ വരവോടെ ക്യുവെര്‍ട്ടി ഫോണുകള്‍ക്ക് ക്ഷീണം പറ്റി. വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുമ്പോലെ എല്ലാവരും ടച്ച്‌സ്‌ക്രീനില്‍ വിരലോടിക്കാന്‍ തുടങ്ങിയപ്പോള്‍ ക്യുവെര്‍ട്ടി പഴഞ്ചനായി മാറി. പക്ഷേ കാണുന്നത്ര എളുപ്പമല്ല ടച്ച്‌സ്‌ക്രീനിലെ ഈ ചുണ്ണാമ്പ് തേക്കലെന്ന് ഉപയോഗിക്കുന്നവര്‍ക്കറിയാം. ടച്ച്‌സ്‌ക്രീന്‍ എല്ലാവര്‍ക്കും അത്ര എളുപ്പത്തില്‍ വഴങ്ങില്ല എന്നതുതന്നെ കാരണം. സ്‌ക്രീന്‍വലിപ്പം കുറഞ്ഞ ഫോണുകളാണെങ്കില്‍ പറയുകയും വേണ്ട. 'എ' എന്ന് സ്‌ക്രീനില്‍ ടൈപ്പ് ചെയ്താല്‍ 'എസ്' എന്നായിരിക്കും തെളിയുക. അല്പം തടിച്ച കൈവിരലുകളുള്ളവര്‍ക്കും സ്‌ക്രീനിലെ കീപാഡില്‍ ടൈപ്പിങ് പ്രയാസമാണ്. ടച്ച് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യാന്‍ പറ്റാതെ മെസേജിങ് പരിപാടി തന്നെ ഉപേക്ഷിച്ച പല തടിയന്‍മാരുമുണ്ട്.

ടച്ച്‌സ്‌ക്രീനിന്റെ ഇത്തരം പൊല്ലാപ്പൊഴിവാക്കാന്‍ മൊബൈല്‍ കമ്പനികള്‍ കണ്ടുപിടിച്ച ഉപായമാണ് 'ടച്ച് ആന്‍ഡ് ടൈപ്പ്' ഫോണുകള്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഫോണില്‍ ടച്ചിങും ടൈപ്പിങും നടക്കും. ടച്ച് സ്‌ക്രീനിന് താഴെ വിശാലമായൊരു കീപാഡ് കൂടി ഇത്തരം ഫോണുകളിലുണ്ടാകുമെന്നര്‍ഥം. ക്യുവെര്‍ട്ടി ഫോണുകളുടെ ആശാന്‍മാരായ ബ്ലാക്ക്‌ബെറി തന്നെയാണ് ആദ്യത്തെ ടച്ച് ആന്‍ഡ് ടൈപ്പ് ഫോണ്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് സാംസങും നോക്കിയയുമെല്ലാം ഇതേ രീതിയിലുള്ള ഫോണുകളിറക്കി. സ്‌ക്രീന്‍ വലിപ്പം കുറയ്ക്കുന്ന ഇടപാടാണെന്ന് പറഞ്ഞ് ന്യൂജെന്‍ ചെറുപ്പക്കാരും ടച്ച് സ്‌ക്രീന്‍ ആരാധകരുമൊന്നും ഇത്തരം ഫോണുകളെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ ടച്ച്‌സ്‌ക്രീന്‍ വഴങ്ങാത്തവരെല്ലാം 'ടച്ച് ആന്‍ഡ് ടൈപ്പ്' ഫോണുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മുന്‍നിര കമ്പനികളെല്ലാം ഇത്തരം ഫോണുകളിറക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ഇന്‍ടെക്‌സിന് നോക്കിയിരിക്കാന്‍ പറ്റുമോ? അവരുമിതാ ഒരു ടച്ച് ആന്‍ഡ് ടൈപ്പ് മോഡലിറക്കിയിരിക്കുന്നു. ഇന്‍ടെക്‌സ് അക്വാ ക്യുവെര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 4,990 രൂപയാണ് വില. ത്രിജി സംവിധാനവും ഡ്യുവല്‍ സിം സൗകര്യത്തോടെയുമാണ് അക്വാ ക്യുവെര്‍ട്ടിയുടെ വരവ്.

320 X 480 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 3.5 ഇഞ്ച് എച്ച്.ജി.വി.എ. ടച്ച്‌സ്‌ക്രീനാണ് അക്വാ ക്യുവെര്‍ട്ടിക്കുള്ളത്. സ്‌ക്രീനിന് താഴെ ക്യുവെര്‍ട്ടി കീപാഡും.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയുണ്ട്. മെമ്മറി പോരാ എന്ന് തോന്നുന്നവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സ്‌ലോട്ടുമുണ്ട്. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാാപിക്‌സല്‍ മുന്‍ക്യാമറയുമാണ് അക്വാ ക്യുവെര്‍ട്ടിയിലുള്ളത്.

കണക്ടിവിറ്റിക്കായി ത്രിജിക്ക് പുറമെ ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ-യു.എസ്.ബി. സംവിധാനങ്ങളും ഫോണിലുണ്ട്. 1500 എം.എ.എച്ച്. ബാറ്ററി ഫോണിന് വേണ്ട ഊര്‍ജം സമ്മാനിക്കുന്നു.

''എറെക്കാലത്തെ പഠനത്തിന് ശേഷമാണ് ഞങ്ങള്‍ ക്യുവെര്‍ട്ടി കീപാഡോടു കൂടിയ സ്മാര്‍ട്‌ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചത്. തെറ്റില്ലാത്ത സന്ദേശങ്ങളയക്കണമെന്ന് നിര്‍ബന്ധമുള്ള പ്രൊഫഷനലുകളെയും വനിതകളെയും ലക്ഷ്യം വച്ചുകൊണ്ടാണ് അക്വാ ക്യുവെര്‍ട്ടി വിപണിയിലെത്തുന്നത്''- ഇന്‍ടെക്‌സ് മൊബൈല്‍ ബിസിനസ് ഹെഡ് സഞ്ജയ് കുമാര്‍ കലിറോണ പറയുന്നു. സഞ്ജയ് കുമാറിന്റെ ലക്ഷ്യങ്ങള്‍ സഫലമാകുമോ എന്ന് കാത്തിരുന്നു കാണാം.

No comments:

Post a Comment