Thursday, May 8, 2014

Sony Xperia M2 for Rs. 21990/-

സോണി എക്‌സ്പീരിയ എം2; വില 21,990 രൂപ

  

ജപ്പാന്‍ കമ്പനിയായ സോണി 2008 മുതല്‍ക്കാണ് സ്മാര്‍ട്‌ഫോണുകള്‍ ഇറക്കിത്തുടങ്ങിയത്. 'എക്‌സ്പീരിയ' ( Xperia ) എന്നായിരുന്നു സ്മാര്‍ട്‌ഫോണ്‍ ശ്രേണിക്ക് കമ്പനിയിട്ട പേര്. എക്‌സ്പീരിയ എക്‌സ്1 എന്ന ആദ്യഫോണ്‍ 2008 ഒക്‌ടോബറില്‍ വിപണിയിലത്തി. വിന്‍ഡോസ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്1 ഒരു ഹൈ-എന്‍ഡ് മോഡലായിരുന്നു. ആപ്പിളിന്റെയും എച്ച്.ടി.സിയുടെയും വിലകൂടിയ ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നതായിരുന്നു എക്‌സ്1 ന്റെ അവതാരലക്ഷ്യം. എന്നാല്‍ തണുത്ത പ്രതിാരണമായിരുന്നു എക്‌സ്പീരിയ എക്‌സ്1 ന് ലഭിച്ചത്. അതുകൊണ്ടുതന്നെ ആപ്പിളിനോ എച്ച്.ടി.സിക്കോ അതൊരു വെല്ലുവിളി ആയതേയില്ല.

2010 ആയതോടെ എക്‌സ്പീരിയ ഫോണുകള്‍ ആന്‍ഡ്രോയ്ഡ് ഒ.എസിലേക്ക് മാറി. ലോകമെങ്ങും ആന്‍ഡ്രോയ്ഡ് തരംഗം ആഞ്ഞടിച്ചുതുടങ്ങിയ കാലമായിരുന്നു അത്. ആ സമയത്തിറങ്ങിയ എക്‌സ്പീരിയ എക്‌സ്10 എന്ന മോഡല്‍ നന്നായി ശ്രദ്ധിക്കപ്പെട്ടു. പിന്നെ തുടരെത്തുടരെ ആന്‍ഡ്രോയ്ഡ് മോഡലുകളിറക്കാന്‍ തുടങ്ങി സോണി. ഇതുവരെയായി അമ്പതിലേറെ ആന്‍ഡ്രോയ്ഡ് മോഡലുകള്‍ കമ്പനി വിപണിയിലെത്തിച്ചു കഴിഞ്ഞു. എല്ലാം നന്നായി വിറ്റുപോകുന്നുമുണ്ട്.

കഴിഞ്ഞ ഫിബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സോണി അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണായിരുന്നു എക്‌സ്പീരിയ എം2. കഴിഞ്ഞയാഴ്ച ഈ ഫോണ്‍ ഇന്ത്യയിലും വില്പനയ്‌ക്കെത്തി. 21,990 രൂപ വിലയിട്ടിരിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.

540 X 960 പിക്‌സല്‍ റിസൊല്യൂഷനുള്ള 4.8 ഇഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, അഡ്രിനോ 305 ജി.പി.യു., ഒരു ജി.ബി.റാം, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ ശേഷി. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍-സിം ഫോണാണിത്. കിറ്റ്കാറ്റ് അപ്‌ഗ്രേഡിനെക്കുറിച്ചൊന്നും സോണി ഒന്നും പറയുന്നില്ല.

എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും വി.ജി.എ. മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ഓട്ടോസീന്‍ റെക്കഗനിഷന്‍, എക്‌സ്‌മോര്‍ സെന്‍സര്‍, എച്ച്.ഡി.ആര്‍. മോഡ് എന്നീ സംവിധാനങ്ങളുളള കിടിലന്‍ ക്യാമറയാണിത്.

കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് 4.0, യു.എസ്.ബി. 2.0, മൈക്രോ യു.എസ്.ബി., യു.എസ്.ബി. ടെതറിങ്, എന്‍.എഫ്.സി., വൈഫൈ, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ജി.പി.എസ്. എന്നീ സംവിധാനങ്ങളെല്ലാം എം2വിലുണ്ട്. 32 ജി.ബി. വരെയുളള മൈക്രോ എസ്.ഡി. കാര്‍ഡ് ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.

2300 എം.എ.എച്ച്. ബാറ്ററി ഫോണിന് ഊര്‍ജം പകരുന്നു. 14 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 693 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കറുപ്പ്, വെളുപ്പ്, തവിട്ടുനിറങ്ങളിലെത്തുന്ന എക്‌സ്പീരിയ എം2 ഇന്ത്യയില്‍ നല്ല സ്വീകാര്യത നേടുമെന്നാണ് സോണി കമ്പനി അധികൃതരുടെ പ്രതീക്ഷ. മോട്ടോറോളയുടെ മോട്ടോ എക്‌സ് (വില 23999 രൂപ), സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് 2 (വില 20499 രൂപ), ആപ്പിള്‍ ഐഫോണ്‍ 4എസ് (വില 23245 രൂപ) എന്നിവയോടായിരിക്കും സോണി എക്‌സ്പീരയ എം2വിന് മത്സരിക്കേണ്ടിവരിക. (ചിത്രം കടപ്പാട് : Mashable )

No comments:

Post a Comment