Monday, July 28, 2014

Jolla Phone in India (Rival products of Nokia. Working with Mego OS)

യോള സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലുമെത്തുന്നു

 


''കത്തിക്കൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് നോക്കിയ. താഴെയോ മുപ്പതടിയോളം ആഴമുള്ള വിശാലമായ കടലും. ജീവന്‍ രക്ഷിക്കണമെങ്കില്‍ കടലിലേക്ക് എടുത്തുചാടുകയല്ലാതെ യാതൊരു മാര്‍ഗ്ഗവുമില്ല''- 2010 ല്‍ നോക്കിയയുടെ അന്നത്തെ സി.ഇ.ഒ. സ്റ്റീഫന്‍ ഇലോപ് ജീവനക്കാര്‍ക്ക് അയച്ച മെമ്മോയിലെ വാചകമാണിത്. 'ഹലോ ദെയര്‍' എന്ന് തുടങ്ങുന്ന ആ സന്ദേശത്തില്‍ നോക്കിയ കമ്പനി നേരിടുന്ന പ്രതിസന്ധികള്‍ വിശദമാക്കിയിരുന്നു.

ആപ്പിളും ചൈനീസ് കമ്പനികളും ഉയര്‍ത്തുന്ന വെല്ലുവിളിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയയ്ക്ക് കഴിയുന്നില്ല. സ്മാര്‍ട്‌ഫോണ്‍ രംഗത്ത് കമ്പനിക്ക് ആധിപത്യം നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട മീഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിന് കാര്യമായ സ്വീകാര്യത ലഭിച്ചതുമില്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാനാണ് തന്റെ ആഗ്രഹമെന്നും അതിനായി ജീവനക്കാരുടെ പിന്തുണ വേണമെന്നും ഇലോപ് മെമ്മോയില്‍ വിശദമാക്കിയിരുന്നു.

നോക്കിയ ഓഫീസിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഈ സ്വകാര്യസന്ദേശം എങ്ങനെയോ ചോര്‍ന്ന് പത്രങ്ങളില്‍ വാര്‍ത്തയായി. അതോടെ നോക്കിയയുടെ സ്ഥിതി കൂടുതല്‍ അപകടത്തിലേക്ക് നീങ്ങി. ഓഹരിവിപണിയിലും ഡയക്ടര്‍ ബോര്‍ഡ് മീറ്റിങിലും ഇലോപ്പിന്റെ കത്തിന്റെ പ്രതികരണങ്ങളുണ്ടായി. വിവാദങ്ങളൊഴിവാക്കാന്‍ ഇത്തരമൊരു മെമ്മോ എഴുതിയ കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സ്റ്റീവന്‍ ഇലോപ് തയ്യാറായില്ല.

എന്നാല്‍ സ്റ്റീവന്‍ ഇലോപ് പങ്കുവെച്ച അപായസൂചന മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഫിന്‍ലാന്‍ഡ് നോക്കിയ കമ്പനിയിലെ ഒരു സംഘം ജീവനക്കാര്‍ അന്ന് തീരുമാനിച്ചു. മീഗോ ഒ.എസിന്റെ ഡെവലപ്പര്‍മാരായ സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാരായിരുന്നു അവര്‍. മാസങ്ങള്‍ക്കുള്ളില്‍ അവരെല്ലാവരും കമ്പനിയില്‍നിന്ന് രാജിവെച്ചു. മീഗോയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി 'സെയില്‍ഫിഷ്' എന്നൊരു പുതിയ ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനായിരുന്നു അവരുടെ പദ്ധതി. സെയില്‍ഫിഷ് ഒ.എസിലോടുന്ന സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. യോള ( Jolla ) എന്നായിരുന്നു സ്മാര്‍ട്‌ഫോണ്‍ കമ്പനിക്ക് അവര്‍ കണ്ടെത്തിയ പേര്.

യോള എന്ന ഫിന്നിഷ് വാക്കിന്റെ അര്‍ഥം 'ചെറിയ തോണി' എന്നാണ്. നോക്കിയ എന്ന കത്തുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള രക്ഷപ്പെടലിന്റെ പ്രതീകമായാണ് ഇങ്ങനെയൊരു പേര് സ്വീകരിച്ചത്.

നോക്കിയയില്‍ മുമ്പ് ജോലി നോക്കിയ 110 എഞ്ചിനിയര്‍മാര്‍ ഇപ്പോള്‍ യോളയിലുണ്ട്. നോക്കിയയിലെ മുന്‍എഞ്ചിനിയര്‍ സാമി പിനിമാക്കി എന്ന ഫിന്‍ലന്‍ഡുകാരനാണ് യോളയുടെ കോ-ഫൗണ്ടറും ചീഫ് മാര്‍ക്കറ്റിങ് ഓഫീസറും.

കമ്പനി തുടങ്ങിയതിന്റെ മൂന്നാംവര്‍ഷം യോള ഫോണ്‍ ഇന്ത്യയിലുമെത്തുകയാണ്. തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനായി ഇ-ടെയ്‌ലിങ് സൈറ്റായ സ്‌നാപ്ഡീലുമായി യോള കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഏതാനും ആഴ്ചകള്‍ക്കകം സംഗതി ഇന്ത്യയിലെത്തും. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച യോളയുടെ ആദ്യമോഡലാണ് ഇവിടെ വില്പനയ്‌ക്കെത്തുന്നത്.

540 X 960 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.5 ഇഞ്ച് ഐ.പി.എസ്. ടച്ച്‌സ്‌ക്രീനാണ് യോള ഫോണിനുള്ളത്. 1.4 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍-കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍.

എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്. ഫോണിന്റെ രൂപം ഏറെ ആകര്‍ഷകമാണെന്ന് ആരും സമ്മതിക്കും.

ഫോണിന്റെ ബാക്ക്കവര്‍ മാറുന്നതനുസരിച്ച് ഇന്റര്‍ഫേസ് തീമുകളും മാറുന്ന 'ദി അതര്‍ ഹാഫ്' ഫീച്ചറാണ് യോള ഫോണിന്റെ പ്രധാന ആകര്‍ഷണം. ചുവപ്പ് ബാക്ക് കവറാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഫോണിന്റെ ഹോംസ്‌ക്രീനും മറ്റ് പേജുകളുമെല്ലാം അതേ നിറത്തിലേക്ക് മാറും.

നോക്കിയയുടെ എന്‍ 9 സ്മാര്‍ട്‌ഫോണിലുള്ള മീഗോ ഒ.എസിന് സമാനമാണ് യോളയിലുള്ള സെയില്‍ഫിഷ് ഒ.എസ്. ആന്‍ഡ്രോയ്ഡിന് വേണ്ടി നിര്‍മിച്ച ആപ്ലിക്കേഷനുകളെല്ലാം സെയില്‍ഫിഷ് ഒ.എസിലും പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേക്കും ഈ ഒ.എസിലൂടെ പ്രവേശിക്കാനാകും.

ഹോംസ്‌ക്രീനില്‍ എല്ലാ ആപ്പുകളും നിറയ്ക്കുന്നതിന് പകരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളാണ് സെയില്‍ ഫിഷ് ഇന്റര്‍ഫേസില്‍ ആദ്യം തെളിയുക. തൊട്ട് താഴെ ഡയലര്‍, മെസേജിങ്, ബ്രൗസര്‍, ക്യാമറ എന്നിങ്ങനെ നാല് ഐക്കണുകളും. മള്‍ട്ടിടാസ്‌കിന് ഒട്ടേറെ സാധ്യതകള്‍ സമ്മാനിക്കുന്ന ഒ.എസാണിത്.

യൂറോപ്യന്‍ വിപണിയില്‍ 349 യൂറോയ്ക്കാണ് (28,500 രൂപ) യോള ഫോണുകള്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതിനെന്താകും വിലയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

No comments:

Post a Comment