Monday, July 28, 2014

Micromax Canvas Fire (A104) for Rs. 6990/-

6,990 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ കിറ്റ്കാറ്റ് ഫോണ്‍

 

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ വില്‍പ്പന നേടി മുന്നേറുകയായിരുന്നു മൈക്രോമാക്‌സ്. 10,000 രൂപയില്‍ താഴെ വില വരുന്ന ബജറ്റ് സ്മാര്‍ട്‌ഫോണുകളുടെ വിപണനത്തിലായിരുന്നു കമ്പനി വെന്നിക്കൊടി പാറിച്ചത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളിലായി കമ്പനിയുടെ നില അത്ര ശോഭനമല്ല. മോട്ടോറോളയുടെ 'മോട്ടോ ഇ'യുടെ വരവാണ് മൈക്രോമാക്‌സിന് കനത്ത തിരിച്ചടി നല്‍കിയത്. 4.3 ഇഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുമുള്ള മോട്ടോ ഇയ്ക്ക് 6,990 രൂപയാണ് വില. രണ്ടുമാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് മോട്ടോ ഇ ഫോണുകള്‍ രാജ്യത്ത് വിറ്റുപോയി.

മോട്ടോ ഇയ്ക്ക് തൊട്ടുപുറകെയാണ് സെന്‍ഫോണ്‍ ഇന്ത്യയിലെത്തുന്നത്. അസുസ് എന്ന തായ്‌വാന്‍ കമ്പനിയിറക്കിയ സെന്‍ഫോണ്‍ സ്‌പെസിഫിക്കേഷനിലും വിലയിലും മോട്ടോ ഇയ്‌ക്കൊപ്പം നിന്നു. അതുകൊണ്ടുതന്നെ നാലുദിവസത്തിനുളളില്‍ 40,000 സെന്‍ഫോണുകള്‍ വില്‍ക്കാന്‍ അസുസിനായി. ഇപ്പോഴും സെന്‍ഫോണ്‍ നന്നായി വിറ്റുപോകുന്നുണ്ട്.

ബജറ്റ്‌സ്മാര്‍ട്‌ഫോണ്‍ രംഗത്ത് പുതിയ കളിക്കാരായി മോട്ടറോളയും അസുസും ചുവടുറപ്പിച്ചതോടെ മൈക്രോമാക്‌സിന്റെ പ്രിയം തെല്ലൊന്നു കുറഞ്ഞിട്ടുണ്ട്. കമ്പനിയുടെ കഴിഞ്ഞ മൂന്നുമാസത്തെ വില്പനക്കണക്കുകളിലും ഇത് വ്യക്തമാണ്. മോട്ടോ ഇ യുടെ അതേ ഹാര്‍ഡ്‌വേര്‍ സംവിധാനവും കിറ്റ്കാറ്റ് ഒ.എസുമുള്ള യുനൈറ്റ് 2 എന്നൊരു സ്മാര്‍ട്‌ഫോണ്‍ മൈക്രോമാക്‌സ് ധൃതി പിടിച്ചിറക്കിയെങ്കിലും അത് കാര്യമായ ശ്രദ്ധ നേടിയില്ല.

ഇപ്പോഴിതാ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ മോഡലുമായി മൈക്രോമാക്‌സ് വീണ്ടും എത്തുകയാണ്. കാന്‍വാസ് ഫയര്‍ (എ 104) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 6,990 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്.

480 X 854 പിക്‌സല്‍ റിസൊല്യൂഷനുള്ള 4.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങള്‍. മെമ്മറി കൂട്ടാനായി 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.


എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. മുന്‍വശത്ത് രണ്ട് സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മികച്ച ശബ്ദസുഖമാണ് ഈ ഫോണ്‍ സമ്മാനിക്കുകയെന്ന് മൈക്രോമാക്‌സ് അവകാശപ്പെടുന്നു.

കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത്, ജി.പി.എസ്., മൈക്രോ-യു.എസ്.ബി. ഓപ്ഷനുകള്‍ ഫയറിലുണ്ട്.

1900 എം.എ്.എച്ച്. ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ആറ് മണിക്കൂര്‍ സംസാരസമയവും 180 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കാന്‍വാസ് ഫയറിന് പിന്നാലെ കാന്‍വാസ് ഡ്യുവറ്റ്, കാന്‍വാസ് എച്ച്.ഡി. പ്ലസ് എന്നീ മോഡലുകള്‍ കൂടി മൈക്രോമാക്‌സ് വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്. രണ്ടു ഫോണുകളെക്കുറിച്ചും കമ്പനി വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവ എന്നുമുതല്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

No comments:

Post a Comment