Tuesday, September 18, 2012

LG Otimus G 1.5 quad core processor Rs. 35000/-

ആപ്പിളിന്റെ ഐഫോണ്‍ 5, സാംസങിന്റെ ഗാലക്‌സി എസ് 3, നോക്കിയയുടെ ലൂമിയ 920, സോണി ഈവര്‍ഷം അവതരിപ്പിക്കാന്‍ പോകുന്ന എക്‌സ്പീരിയ എസ്.എല്‍.... സ്മാര്‍ട്ട്‌ഫോണ്‍ മത്സരം തീര്‍ച്ചയായും കൊഴുക്കുകയാണ്. 

ആ മത്സരത്തിലേത്തേക്ക് ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍.ജിയും ഒരുങ്ങിയിറങ്ങുന്നു-'ഓപ്ടിമസ് ജി' എന്ന പുത്തന്‍ സൂപ്പര്‍ഫോണുമായി. പ്രൊസസര്‍, ഡിസ്‌പ്ലെ, ക്യാമറ എന്നിവയുടെ കാര്യത്തില്‍ നിലവിലുള്ള ഏത് സ്മാര്‍ട്ട്‌ഫോണുമായും കൊമ്പുകോര്‍ക്കാന്‍ പാകത്തിലുള്ള ഉപകരണമാണ് ഓപ്ടിമസ് ജി.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ചൊവ്വാഴ്ചയാണ് എല്‍.ജി.അവതരിപ്പിച്ചത്. ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഓപ്ടിമസ് ജിയുടെ ഏറ്റവും വലിയ സവിശേഷത. ഐഫോണ്‍, ഗാലക്‌സി എസ് 3 എന്നിവയെ അപേക്ഷിച്ച് മികച്ച ദൃശ്യമിഴിവ് നല്‍കുന്നതാണ് എല്‍.ഇ.ഡി.ഫ് ളാഷോടുകൂടിയ ക്യാമറ. 

ക്വാല്‍കോം 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ ആണ് ഓപ്ടിമസ് ജിക്ക് കരുത്തു പകരുക. രണ്ടു ജി.ബി.റാമും ഉണ്ട്, 32 ജി.ബി.ഇന്റേണല്‍ മെമ്മറിയും. സോഫ്ട്‌വേറിന്റെ കാര്യത്തിലും മുന്നില്‍ തന്നെ. ആന്‍ഡ്രോയിഡ് 4.0 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) പ്ലാറ്റ്‌ഫോമിലാണ് ഓപ്ടിമസ് ജി പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡ് 4.1 (ജെല്ലിബീന്‍) വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുമെന്ന് എല്‍.ജി.ഉറപ്പുനല്‍കുന്നു. 


1280 x 768 റിസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ട്രൂ എച്ച്ഡി ഐപിഎസ് + (True HD IPS+) ഡിസ്‌പ്ലെയാണ് ഫോണിലേത്. 4ജി കണക്ടിവിറ്റി നല്‍കുന്ന എല്‍.ടി.ഇ. കൂടാതെ ത്രീജി, എഡ്ജ്/ജിപിആര്‍എസ്, വൈഫൈ, ബ്ലൂടൂത്ത് 4.0, യു.എസ്.ബി 2.0, എന്‍.എഫ്.സി, ജിപിഎസ് ഒക്കെയുണ്ട്. 

പുതുമയാര്‍ന്ന യു.എക്‌സ് (UX) ഫീച്ചറുകളോടു കൂടിയാണ് ഓപ്ടിമസ് ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എല്‍.ജി.അറിയിക്കുന്നു. നിലവിലുള്ള ഏത് സ്മാര്‍ട്ട്‌ഫോണിലും ലഭ്യമല്ലാത്ത യൂസര്‍ എക്‌സ്പരിയന്‍സ് ആണ് തങ്ങള്‍ ഉറപ്പുനല്‍കുന്നതെന്ന്, എല്‍.ജി.ഇലക്ട്രോണിക്‌സ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്പനി മേധാവി ഡോ.ജോങ്-സിയോക് പാര്‍ക്ക് പറഞ്ഞു.

കൂടുതല്‍ ബാറ്ററി ആയുസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിലെ 2100 mAh ബാറ്ററി നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെക്കാളും ആയുസുള്ളതാണെന്ന് എല്‍.ജി.അവകാശപ്പെടുന്നു.

അടുത്തയാഴ്ച മുതല്‍ ദക്ഷിണകൊറിയയില്‍ ഓപ്ടിമസ് ജി ലഭ്യമാകും, ആഗോള വിപണിയിലെത്തുക ഒക്ടോബറോടെ ആയിരിക്കും. ഇന്ത്യയില്‍ എന്നാകും എത്തുകയെന്ന് വ്യക്തമല്ല. ഫോണിന്റെ വില എത്രയെന്നും വ്യക്തമല്ല. 

No comments:

Post a Comment