ബിഎസ്എന്‍എല്ലില്‍
നിന്ന് ഫാബ്‌ലറ്റ്;
വില 13,999 രൂപ
അഞ്ചിഞ്ചിനുമേല്‍ സ്‌ക്രീന്‍ വലിപ്പമുള്ള മൊബൈല്‍ഫോണ്‍ അഥവാ ഫാബ്‌ലറ്റുമായി ബി.എസ്.എന്‍.എല്ലും രംഗത്ത്. കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സംരംഭം.
ബി.എസ്.എന്‍.എല്‍. ചാമ്പ്യന്‍ ട്രെന്‍ഡി 531 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 13,999 രൂപയാണ് വില. സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍ വില കൂടുതലെന്ന് പറയാനാവില്ല.
സാംസങ്, നോക്കിയ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഈ ഗണത്തില്‍പ്പെട്ട ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില കുറവാണെന്ന് തന്നെ പറയാം. അവയുടെ 'ബ്രാന്‍ഡ് വാല്യൂ' ഇതിനില്ലെന്ന് മാത്രം. ബി.എസ്.എന്‍.എല്‍. എന്ന സര്‍ക്കാര്‍ സ്ഥാപനം ഒരു 'തരികിട' ഫോണുമായി എത്തില്ലെന്ന് നമുക്ക് വിശ്വസിക്കാം.
'ആകാശ്' ടാബ്‌ലറ്റിന്റെ കാര്യത്തില്‍ പിന്നീടുണ്ടായ വിവാദങ്ങള്‍ ഇതിലും ഉണ്ടാകാതിരുന്നാല്‍ വിപണിയില്‍ കരുത്തരാകാന്‍ ബി.എസ്.എന്‍.എല്ലിന് സാധിക്കും.
ചൈനീസ് നിര്‍മിത ഫോണുകള്‍ റീബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വന്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ വിശ്വാസ്യത ഉപഭോക്താവിനെ സ്വാധീനിക്കുക തന്നെ ചെയ്യും.
5.3 ഇഞ്ച് ഐ.പി.എസ്. കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ട്രെന്‍ഡി 531 ന്റേത്. 1.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സറുള്ള ഫോണില്‍ വണ്‍ ജി.ബി. റാമും ഉണ്ട്. 3200 എം.എ.എച്ച്. എന്ന കരുത്തുറ്റ ബാറ്ററി പ്രധാന ആകര്‍ഷണമാണ്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 200 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും ഇത് വാഗ്ദാനം ചെയ്യുന്നു.
13 മെഗാ പിക്‌സലിന്റേതാണ് പ്രധാന ക്യാമറ. ഒപ്പം എല്‍.ഇ.ഡി. ഫ്ലാഷും ഉണ്ട്. വീഡിയോ കോളിങ്ങിനായി രണ്ട് മെഗാപിക്‌സലുള്ള മുന്‍ ക്യാമറയുമുണ്ട്.
ഡ്യൂവല്‍ സ്റ്റാന്‍ഡ്‌ബൈ സൗകര്യത്തോടെ രണ്ട് ജി.എസ്.എം. സിമ്മുകളും ഉപയോഗിക്കാം. ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്‌സ് ജെല്ലിബീന്‍ 4.2.
നാല് ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജി.ബി.വരെ വര്‍ധിപ്പിക്കാം. ബാറ്ററി ഉള്‍പ്പെടെ ഭാരം 200 ഗ്രാം. ഫ്ലാപ് കവര്‍ സൗജന്യമായി ലഭിക്കും.
ഫോണ്‍ വാങ്ങുന്നവര്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ പ്രത്യേക ഓഫറുമുണ്ട്. മാസം 500 എം.ബി. വീതം ഒരുവര്‍ഷം ത്രിജി ഡാറ്റ സര്‍വീസ് ഇതുവഴി ലഭിക്കും.
ഫോണിലെ ഹാര്‍ഡ്‌വേറുകളുടെ നിലവാരം പ്രത്യേക പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് ബി.എസ്.എന്‍.എല്ലും ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സും അവകാശപ്പെടുന്നത്.
ന്യൂഡല്‍ഹി ആസ്ഥാനമാക്കി 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ് ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഐ.എസ്.ഒ. അംഗീകാരമുള്ള സ്ഥാപനത്തിന് രാജ്യത്ത് 14 ബ്രാഞ്ചുകളും 3000 ചാനല്‍ പാര്‍ട്ട്ണര്‍മാരും ഉണ്ട്.
നെറ്റ്ബാങ്കിങ്, ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി നിത്യജീവിതത്തില്‍ ആവശ്യമായ പല കാര്യങ്ങളും മൊബൈല്‍ഫോണ്‍ വഴി സാധ്യമായതും അത് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് പരമ്പരാഗത രീതിയില്‍നിന്ന് മാറി ചിന്തിക്കാന്‍ ബി.എസ്.എന്‍.എല്ലിനെ പ്രേരിപ്പിച്ചത്. കൂടുതല്‍ മൊബൈല്‍ഫോണ്‍ മോഡലുകള്‍, ടാബ്‌ലറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഡാറ്റാ കാര്‍ഡുകള്‍ (ഡോംഗിള്‍) തുടങ്ങിയവയും വൈകാതെ ഈ സംയുക്ത സംരംഭം വഴി ജനങ്ങളിലേക്കെത്തും.
ഗ്രാമീണ മേഖല ഉള്‍പ്പെടെയുള്ള ബി.എസ്.എന്‍.എല്ലിന്റെ വിശാലമായ കണക്ടിവിറ്റി സൗകര്യം വിപണിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗുണമേന്മയും വിലക്കുറവും ഉള്ള ഫോണ്‍, കൂടെ ബി.എസ്.എന്‍.എല്ലിന്റെ വിശ്വാസ്യത. ഇത് മുതലെടുക്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം.
പക്ഷേ, ഇവിടെ മറ്റുചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ബി.എസ്.എന്‍.എല്‍. നിലവില്‍ ടുജി പ്ലാന്‍ നിര്‍ത്തിയിരിക്കുകയാണ്. എല്ലാം ത്രിജി ഡാറ്റ പ്ലാനിലാണ് ഇപ്പോള്‍. എന്നാല്‍, എല്ലായിടത്തും ത്രിജി സര്‍വീസ് ലഭ്യമല്ലതാനും. ബി.എസ്.എന്‍.എല്‍. നല്‍കുന്നതിനേക്കാള്‍ മികച്ച സേവനം പലയിടങ്ങളിലും സ്വകാര്യ കമ്പനികള്‍ നല്‍കുന്നുമുണ്ട്. മൊബൈല്‍ കവറേജ് ആയാലും ഇന്റര്‍നെറ്റ് സൗകര്യം ആയാലും.
ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയേ ഉള്ളൂ ചോദ്യം- ബി.എസ്.എന്‍.എല്ലിന്റെ കൂടി ബ്രാന്‍ഡ് നെയിമില്‍ ഇറങ്ങുന്ന ഫോണ്‍ വാങ്ങി സ്വകാര്യ കമ്പനികളുടെ കണക്ഷന്‍ ഉപയോഗിച്ചാല്‍ ബി.എസ്.എന്‍.എല്ലിന് എന്ത് ലാഭം?
ഇവിടെയാണ് അമേരിക്കയിലെ മൊബൈല്‍ ഫോണ്‍ വിപണന രീതി പ്രസക്തമാകുന്നത്. അമേരിക്കയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഫോണുകള്‍ പാതിവിലയ്ക്ക് സേവനദാതാക്കള്‍ നിങ്ങള്‍ക്ക് നല്‍കും. പകരം അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടണം. ചുരുങ്ങിയത് രണ്ട് വര്‍ഷം കമ്പനി പറയുന്ന ടോക്ക്‌ടൈം/ഇന്റര്‍നെറ്റ് പ്ലാന്‍ ഉപയോഗിക്കണം. അല്ലെങ്കില്‍, പ്ലാന്‍ നിങ്ങള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. പക്ഷേ, മാസംതോറും നിശ്ചിത തുക ഫോണിന്റെ വിലയായി നല്‍കണം. ഈ കരാര്‍ തീര്‍ന്നാല്‍ മറ്റ് ഏത് സേവനദാതാക്കളിലേക്കും മാറാം.
ഒന്നുകൂടി വിശദമാക്കിയാല്‍, ഇപ്പോള്‍ ലഭിക്കുന്ന 'ചാമ്പ്യന്‍' ഫോണിന് പകരം 25,000 രൂപയ്ക്ക് സാംസങ്ങിന്റെ ഗാലക്‌സി നോട്ട്-3 ബി.എസ്.എന്‍.എല്‍. നിങ്ങള്‍ക്ക് നല്‍കും (യഥാര്‍ഥ വില 49,990 രൂപ!). പിന്നെ രണ്ടുവര്‍ഷം മാസം 1500 രൂപ വീതം അടയ്ക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ പ്ലാന്‍ ഉപയോഗിക്കണം (കണക്കുകള്‍ സാങ്കല്പികം).
സാംസങ്ങിന്റേയോ നോക്കിയയുടേയോ സോണിയുടേയോ പ്രധാന മോഡലുകള്‍ ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന ഗുണം.
അധികമാരും കേട്ടിട്ടില്ലാത്ത ഒരു ബ്രാന്‍ഡ് ബി.എസ്.എന്‍.എല്‍. പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് വാങ്ങാന്‍ ധൈര്യപ്പെടാം എന്നത് മാത്രമാണ് ഇവിടെയുള്ള ഗുണം. ഇത് വാങ്ങി മറ്റൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നത് ഗുണമല്ലേ എന്ന മറുചോദ്യം ഉയരാം. അതിന് ഒരു മറുപടിയേ ഉള്ളൂ. ബി.എസ്.എന്‍.എല്‍. സര്‍ക്കാര്‍ സ്ഥാപനമാണ്.
ഈ രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്തുമാകട്ടെ; കൂടുതല്‍ സവിശേഷതകളുള്ള, ഗുണമേന്മയുള്ള ഫോണ്‍ ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുന്നുണ്ടോ? ഉപഭോക്താവിനെ സംബന്ധിച്ച് അത് നല്ല കാര്യം തന്നെ.
ചാമ്പ്യന്‍ കമ്പ്യൂട്ടേഴ്‌സിന്റെ www.championindia.com എന്ന വെബ്‌സൈറ്റില്‍ ട്രെന്‍ഡി 531 ബുക്ക് ചെയ്യാം.
No comments:
Post a Comment