ലെനോവയില്‍ നിന്ന്
നാല് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മേഖലയിലെ പ്രമുഖരായ ലെനോവൊ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും സജീവമാകുന്നു. നാലു മോഡലുകളാണ് കമ്പനി പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. വില അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍. ഒക്ടോബറില്‍ത്തന്നെ ലെനോവൊ എ-സീരീസിലെ ഈ ഫോണുകള്‍ വിപണിയിലെത്തും.
ലെനോവൊ എ 850, എ 516, എ 369 ഐ, എ 269 ഐ എന്നീ നാലു മോഡലുകളിലും രണ്ടു സിമ്മുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകും.
കൂട്ടത്തില്‍ ഏറ്റവും വലുതും വിലയേറിയതും എ 850 മോഡലാണ്. ഫാബ്‌ലറ്റ് ഗണത്തില്‍പ്പെടുന്ന ഇതിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ച് ആണ്. 178 ഡിഗ്രി വൈഡ്-വ്യൂ ഐ.പി.എസ്. ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് ആംഗിളില്‍ നിന്നും വ്യക്തതയോടെ ദൃശ്യങ്ങള്‍ കാണാന്‍ എല്‍.സി.ഡി. ടെലിവിഷനുകളിലും മറ്റും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. 960 X 450 പിക്‌സലിലുള്ള ക്യു.എച്ച്.ഡി. ഡിസ്‌പ്ലേ കൂടിയാകുമ്പോള്‍ ദൃശ്യമിഴിവ് കൂടും.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണില്‍ 1.3 ഗിഗാഹെര്‍ട്ട്‌സ് മീഡിയാടെക് ക്വാഡ് കോര്‍ പ്രോസസ്സറാണുള്ളത്. റാം വണ്‍ ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി 4 ജി.ബി. 32 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം.
എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് പിന്‍ക്യാമറ ഉപയോഗിച്ച് സെക്കന്‍ഡില്‍ 99 ഫ്രെയിം വരെ പകര്‍ത്താന്‍ കഴിയും. ഹൈ ഡെഫനിഷന്‍ വീഡിയോ ചിത്രീകരിക്കാം. മുന്‍ക്യാമറ 0.3 മെഗാ പിക്‌സലിന്റേതാണ്. ബാറ്ററി ശേഷി 2250 എം.എ.എച്ച്. കറുപ്പിലും വെളുപ്പിലും ലഭിക്കുന്ന ഇതിന്റെ വില 15,999 രൂപയാണ്.
10,999 രൂപയാണ് എ 516 എന്ന രണ്ടാമത്തെ മോഡലിന്. സ്‌ക്രീന്‍ വലിപ്പം 4.5 ഇഞ്ച്. റെസല്യൂഷന്‍ 854 X 480 പിക്‌സല്‍. റാം 512 എം.ബി. 1.3 ഗിഗാഹെര്‍ട്ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയും ഓപ്പറേറ്റിങ് സിസ്റ്റവും മുന്‍ മോഡലിലേതുതന്നെ. 2000 എം.എ.എച്ച്. ബാറ്ററി 23 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയം നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
നാലിഞ്ച് ഡിസ്‌പ്ലേയാണ് എ 369 ഐ.യുടേത്. 512 എം.ബി. റാമുള്ള ഇതിലും 1.3 ഗിഗാ ഹെര്‍ട്ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസ്സര്‍ ആണ്. പ്രധാന ക്യാമറ അഞ്ച് മെഗാ പിക്‌സല്‍. ഒ.എസ്. ജെല്ലിബീന്‍ 4.2. വില 6,999 രൂപ.
5,499 രൂപയാണ് എ 269 ഐ യുടെ വില. മൂന്നര ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതില്‍ വണ്‍ ഗിഗാ ഹെര്‍ട്ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസ്സറാവും ഉണ്ടാവുക. റാം 256 എം.ബി. ഒ.എസ്. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ്.
പുതിയ മോഡലുകളുമായി നവരാത്രി ആഘോഷ വിപണി തങ്ങള്‍ക്കനുകൂലമാക്കാനാണ് ലെനോവൊ ലക്ഷ്യമിടുന്നത്
No comments:
Post a Comment