ഇന്‍ഡെക്‌സ് അക്വ ഐ4+ : അഞ്ചിഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ സിം, വില 7600 രൂപ

ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ വന്‍ വളര്‍ച്ച നേടിയ വര്‍ഷമായിരുന്നു 2013. വില കുറഞ്ഞ ഫീച്ചര്‍ ഫോണുകള്‍ നിര്‍മിച്ചുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ മിക്ക കമ്പനികളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബജറ്റ് സ്മാര്‍ട്‌ഫോണുകളും ഇറക്കി തുടങ്ങിയിരുന്നു.
2013 ലാകട്ടെ ഫാബ്‌ലറ്റുകളുടെ വിപണനത്തിലാണ് ഈ കമ്പനികള്‍ ശ്രദ്ധ കൊടുത്തത്. അഞ്ചിഞ്ചോ അതിന് മുകളിലോ സ്‌ക്രീന്‍ വലിപ്പമുളള സ്മാര്‍ട്‌ഫോണുകളെയാണ് ഫാബ്‌ലറ്റ് എന്നു വിളിക്കുന്നത്. മൈക്രോമാക്‌സും കാര്‍ബണും ലാവയും സോളോയുമൊക്കെ മത്സരിച്ച് ഫാബ്‌ലറ്റ് മോഡലുകളിറക്കി.
മൈക്രോമാക്‌സിന്റെ കാന്‍വാസ് സീരീസ് വില്പനയില്‍ സാംസങിന്റെ ഗാലക്‌സി സീരീസിന് തൊട്ടടുത്തെത്തിയ വര്‍ഷവും ഇത് തന്നെ.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ടെക്‌സ് മൊബൈലും ഫാബ്‌ലറ്റ് വിപണനത്തിലേക്ക് കടന്നിട്ടുണ്ട്. കേരളത്തിലുള്ളവര്‍ക്ക് അത്ര പരിചയം പോരെങ്കിലും ഉത്തരേന്ത്യയിലും നേപ്പാളിലുമൊക്കെ നന്നായി വിറ്റുപോകുന്ന മൊബൈലുകളാണ് ഇന്‍ടെക്‌സിന്റേത്. 'അക്വ' എന്ന പേരില്‍ കമ്പനിയിറക്കിയ സ്മാര്‍ട്‌ഫോണുകള്‍ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.
സപ്തംബറില്‍ വിപണിയിലെത്തിയ ഐ4 എന്ന മോഡലാണ് അക്വ സീരീസില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് അക്വ ഐ4+ ( Intex Aqua i4+ ) എന്ന പേരില്‍ ഇതേഫോണിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ പുറത്തിരിക്കുകയാണ് ഇന്‍ടെക്‌സ് ഇപ്പോള്‍.
480 X 854 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേ സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതൊരു ഡ്യുവല്‍ സിം മോഡലാണ്. 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐ4+ ല്‍ 512 എം.ബി. റാമാണുള്ളത്. നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുളള ഫോണില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനിലാണ് ഫോണ്‍ ഓടുന്നത്.
എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട് ഈ ഫോണില്‍. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്.,എഡ്ജ്, ജി.പി.എസ്./എ.ജി.പി.എസ്. സംവിധാനങ്ങളാണ് ഫോണിലുളളത്.
മോഷന്‍ സെന്‍സര്‍ , ലൈറ്റ് സെന്‍സര്‍ , പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുമുണ്ട് ഫോണില്‍. 2000 എം.എ.എച്ച്. ബാറ്ററി ഐ4+ ന് വേണ്ട ഊര്‍ജ്ജം പകരുന്നു. ആറു മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 220 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും ബാറ്ററി ഉറപ്പുനല്‍കുന്നു.
7600 രൂപയ്ക്കാകും ഐ4+ വില്‍ക്കുകയെന്ന് ഇന്‍ടെക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് ഇതിനോടടുത്ത വിലയ്ക്ക് ലഭിക്കുന്ന മൈക്രോമാക്‌സ് കാന്‍വാസ് ജ്യൂസ് എ77, ജിയോണി പയനിയര്‍ പി3, സോളോ ക്യു700 എന്നീ ഫോണുകളോടായിരിക്കും അക്യ ഐ4+ ന് മത്സരിക്കേണ്ടിവരിക
No comments:
Post a Comment