Friday, May 30, 2014

LAVA IRIS X1 for Rs.7990/-

7,990 രൂപയ്ക്ക് ഐറിസ് എക്‌സ് 1 (മോട്ടോ-ഇ വു മായി മത്സരിക്കാൻ)

 

'മോട്ടോ ഇ' സൃഷ്ടിച്ച സുനാമി തിരയിളക്കത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ പാടുപെടുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍. 6,990 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണിറക്കിയ മോട്ടോറോളയുടെ ഈ നീക്കം മൊബൈല്‍ വിപണിയിലുണ്ടാക്കിയ പ്രകമ്പനം ചെറുതല്ല. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം 'മോട്ടോ ഇ' യൂണിറ്റുകളാണ് ഫ് ളിപ്കാര്‍ട്ടിലൂടെ വിറ്റുേപായത്. വീണ്ടുമൊരു 20,000 യൂണിറ്റുകള്‍ കൂടി ഫ് ളിപ്കാര്‍ട്ട് വില്പനയ്‌ക്കെത്തിച്ചെങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് അതും തീര്‍ന്നു. 

'മോട്ടോ ഇ' ചൂടപ്പം പോലെ വിറ്റഴിയുന്നത് കാരണം നെഞ്ചിടിപ്പ് കൂടുന്നത് നാട്ടിലെ കമ്പനികള്‍ക്കാണ്. പതിനായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്‌ഫോണ്‍ വില്പനയിലാണ് ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സും കാര്‍ബണും സോളോയുമൊക്കെ ശ്രദ്ധ കൊടുക്കുന്നത്. ആ കളത്തില്‍ മോട്ടോറോള ചുവടുറപ്പിക്കുന്നതോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ മൂലയിലാകുമെന്ന് അവരെല്ലാവരും ഭയക്കുന്നു.

'മോട്ടോ ഇ' ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അതേ വിലനിലവാരത്തിലുള്ള പുത്തന്‍ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് നമ്മുടെ കമ്പനികള്‍ തിരിച്ചടിക്ക് വട്ടം കൂട്ടിയിട്ടുണ്ട്. മൈക്രോമാക്‌സ് യൂനൈറ്റ് 2, ഇന്‍ഡെക്‌സ് അക്വ ഐ5 എന്നിവയൊക്കെ ഇങ്ങനെയിറങ്ങിയ ഫോണുകളാണ്. ഇപ്പോളിതാ ലാവയും പുതിയൊരു മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. ലാവ ഐറിസ് എക്‌സ് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 7,999 രൂപയാണ് വില. 

'മോട്ടോ ഇ'യെ പോലെ ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് വെര്‍ഷനിലോടുന്ന മോഡലാണ് ഐറിസ് എക്‌സ് 1. ലാവയിറക്കുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണാണിത്. ഫ് ളിപ്കാര്‍ട്ടിലൂടെയാണ് 'മോട്ടോ ഇ'യുടെ വില്പനയെങ്കില്‍ ഫ് ളിപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളി ആമസോണിലൂടെയാണ് ഐറിസ് എക്‌സ് 1ന്റെ വില്പന. ആമസോണിലൂടെ വാങ്ങുന്നവര്‍ക്ക് 16 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സൗജന്യമായി നല്‍കുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മൊബൈല്‍ ഷോറൂമുകളിലൂടെയും ഐറിസ് എക്‌സ് 1 വില്പനയ്‌ക്കെത്തും. 

8.9 മില്ലിമീറ്റര്‍ കനവും 138 ഗ്രാം ഭാരവുമുള്ള ഐറിസ് പ്രൊ എക്‌സ് 1ല്‍ 854 ത 480 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 4 ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. 4 ജി.ബി. ഇന്റേണല്‍ മെമ്മറി മതിയാകാത്തവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഫോണിലിടാം. 

എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും സെല്‍ഫികളെടുക്കാനും വീഡിയോ കോളിങിനുമായി രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്. 

കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ബ്ലൂടൂത്ത് 4.0, മൈക്രോ-യു.എസ്.ബി., എഡ്ജ് സംവിധാനങ്ങളാണ് ഐറിസ് എക്‌സ് 1 ലുള്ളത്. 1800 എം.എ.എച്ച്. ബാറ്ററി ഫോണിന് േവണ്ട ഊര്‍ജ്ജം പകരുന്നു. 

കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന ഐറിസ് എക്‌സ് 1 നൊപ്പം ഒരു ഫ് ളിപ്കവറും ലാവ നല്‍കുന്നുണ്ട്. ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫോണിനെ സ്ലീപ്‌മോഡിലേക്ക് മാറ്റുന്ന സെന്‍സറുള്ള ഫ് ളിപ്കവറാണിത്. ഇതുവഴി ബാറ്ററി ആയുസ്സ് വര്‍ധിപ്പിക്കാനാകുമെന്ന് ലാവ അവകാശപ്പെടുന്നു.

No comments:

Post a Comment