Thursday, May 8, 2014

SPICE Stellar Glide Mi-438 for Rs. 5199/-

5,199 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍

 

അത്യാവശ്യം സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണിന് പതിനായിരം രൂപയെങ്കിലുമാകും- ഫോണുകള്‍ 'സ്മാര്‍ട്' ആയിത്തുടങ്ങിയ കാലം തൊട്ടു കേള്‍ക്കുന്നതാണിത്. എന്നാല്‍ പതിനായിരത്തിന്റെ പകുതി മുടക്കിയാല്‍ ഭേദപ്പെട്ട സ്മാര്‍ട്‌ഫോണ്‍ നല്‍കാമെന്ന് പ്രഖ്യാപിക്കുകയാണ് സ്‌പൈസ് ടെലികോം കമ്പനി. പ്രഖ്യാപനം മാത്രമല്ല സ്‌റ്റെല്ലാര്‍ ഗ്ലൈഡ് എം.ഐ-483 ( Stellar Glide Mi-438 ) എന്നൊരു ഫോണ്‍ കമ്പനി പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. 3ജി സൗകര്യത്തോടെയുള്ള ഫോണിന് വില 5,199 രൂപ മാത്രം.

വെറുമൊരു സ്മാര്‍ട്‌ഫോണ്‍ അല്ല ഗ്ലൈഡ് സ്‌റ്റെല്ലാര്‍. ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ് (ജി.എം.എസ്.) സര്‍ട്ടിഫിക്കേഷനോടു കൂടിയ ഫോണാണിത്. സി.ടി.എസ്., സി.ടി.എസ് വെരിഫയര്‍, ജി.ടി.എസ്. തുടങ്ങിയ വിവിധ പരീക്ഷണങ്ങളില്‍ ജയിച്ചാലേ ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കൂ. ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ സ്യൂട്ടുകളായ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, പ്ലേ വീഡിയോ, പ്ലേ മ്യൂസിക് എന്നിവയിലേക്ക് നിയമപരമായുളള പ്രവേശനത്തിന് അര്‍ഹത ലഭിക്കണമെങ്കില്‍ ജി.എം.എസ്. സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണാണിത്. നാലിഞ്ച് വിസ്താരമുള്ള വണ്‍ ഗ്ലാസ് സൊല്യൂഷന്‍ (ഒ.ജി.എസ്.) സ്‌ക്രീനാണ് ഫോണിലുള്ളത്. സാധാരണ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനിനേക്കാള്‍ മിഴിവ് കൂടും ഒ.ജി.എസ്. സ്‌ക്രീനില്‍.

1.3 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. രണ്ട് ജി.ബിയുടെ ക്ലൗഡ് മെമ്മറിയും സ്‌പൈസ് വാഗ്ദാനം ചെയ്യുന്നുണ്ട്. മെമ്മറി പോരെന്നുള്ളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാം.

എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ രണ്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 1.3 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. 3ജിയും മുന്‍ക്യാമറയുമുള്ളതിനാല്‍ വീഡിയോകോളിങ് ഉഷാറായി നടക്കും. എഫ്.എം. റേഡിയോ, വൈഫൈ ടെതറിങ്, ജി-സെന്‍സര്‍, എച്ച്.എസ്.പി.എ. എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്.

1350 എം.എ.എച്ച്. ബാറ്ററിയാണ് സ്‌റ്റെല്ലാര്‍ ഗ്ലൈഡിന് ഊര്‍ജ്ജം പകരുന്നത്. തുടര്‍ച്ചയായ നാലര മണിക്കൂര്‍ സംസാരസമയവും 170 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

പ്രമുഖ ഇ-ടെയ്‌ലിങ് സൈറ്റായ സഹോളിക്കില്‍ സ്‌റ്റെല്ലാര്‍ ഗ്ലൈഡ് വില്പനയ്‌ക്കെത്തിയിട്ടുണ്ട്. മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലും ഈ ഫോണ്‍ ഉടന്‍ എത്തുമെന്നറിയുന്നു.

No comments:

Post a Comment