ഹ്വാവേയുടെ ഓണര്‍ 3സി; വില 14,999 രൂപ

ലോകത്തെ ഒന്നാം നമ്പര്‍ ടെലികോം കമ്പനിയാണ് വാവേ ( Huawei ). പെന്‍ഡ്രൈവ് മുതല്‍ മൊബൈല്‍ കമ്പനികള്‍ക്കുള്ള ടെലികോം കാരിയര്‍ നെറ്റ്‌വര്‍ക്ക് വരെ നിര്‍മിക്കുന്നുണ്ട് ഈ ചൈനീസ് സ്ഥാപനം. ലോകത്തിലെ 50 വമ്പന്‍ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നാല്‍പ്പത്തിയഞ്ചുപേരും വാവേയുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നു.
സ്വന്തം ബ്രാന്‍ഡ്‌പേരിലിറക്കാതെ സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളും മറ്റുള്ളവര്‍ക്കായി നിര്‍മിക്കലായിരുന്നു വാവേ തുടക്കം മുതലേ ചെയ്തിരുന്നത്. ഇന്ത്യയിലും യൂറോപ്പിലുമുളള പല കമ്പനികള്‍ക്കുമായി സ്മാര്‍ട്‌ഫോണുകളും ടാബുകളും വാവേ നിര്‍മിച്ചുനല്‍കുന്നുണ്ട്. White label Products എന്നാണ് ഈ സംവിധാനത്തിന് ടെക്‌ലോകത്തുള്ള നിര്‍വചനം. കമ്പനികള്‍ സ്വന്തം ബ്രാന്‍ഡ് പേരില്‍ ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കും. കുറച്ചുവര്‍ഷങ്ങളായി സ്വന്തം പേരില്‍ തന്നെ വാവേ സ്മാര്‍ട്‌ഫോണുകളിറക്കുന്നുണ്ട്.
അഞ്ചുവര്‍ഷമായി ഇന്ത്യന്‍ വിപണിയിലും വാവേ സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാണ്. പക്ഷേ വിചാരിച്ചത്ര സ്വീകാര്യത നേടാന്‍ ഇന്ത്യയില്‍ വാവേയ്ക്കായിട്ടില്ല. അതിന്റെ പ്രധാനകാരണം ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയിലുള്ള ചീത്തപ്പേര് തന്നെ. മൂവായിരത്തില്‍ താഴെ വിലവരുന്ന ചൈനീസ് ഡ്യുവല്‍സിം ഫോണുകള്‍ ഉപയോഗിച്ച് ശീലിച്ച ഇന്ത്യക്കാര്‍ക്ക് അല്‍പം വിലകൂടിയൊരു ചൈനീസ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒന്നാമതെത്തണമെന്ന താത്പര്യം വാവേയ്ക്കുമുണ്ടായില്ല. ഇടയ്ക്കും തലയ്ക്കും ചില സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കലല്ലാതെ കാര്യമായ മാര്‍ക്കറ്റിങ് ക്യാമ്പയിനിങിനൊന്നും കമ്പനി ശ്രദ്ധ കാട്ടിയില്ല.
ആദ്യകാലത്തുണ്ടായിരുന്ന മടുപ്പില്‍നിന്ന് മോചിതരായ വാവേ ഇന്ത്യയില്‍ സജീവശ്രദ്ധ നല്‍കാന്‍ തുടങ്ങുകയാണ്. അതിന്റെ ഭാഗമായി 'ഓണര്‍ 3സി' ( Honour 3C ) എന്നൊരു പുതിയ സ്മാര്‍ട്‌ഫോണ്‍ കമ്പനി ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. 14,990 രൂപ വില വരുന്ന ഈ ഫോണിന്റെ വിശേഷങ്ങള്‍ എന്തെന്ന് നോക്കാം.
720 X 1280 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഓണര്‍ 3സിയ്ക്കുള്ളത്. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് പ്രൊസസര്‍, രണ്ട് ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.
എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സലിന്റെ സോണി ബി.എസ്.ഐ. പിന്‍ക്യാമറയാണ് ഫോണിലേത്. 22 എം.എം. വൈഡ് ആംഗിള്‍ ലെന്‍സുള്ള ക്യാമറയാണിത്. മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതാണ്്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഒ.എസ്.
കിറ്റ്കാറ്റ് അപ്ഗ്രഡേഷന്‍ സാധ്യമാണോ എന്ന കാര്യം ഹ്വാവേ വ്യക്തമാക്കിയിട്ടില്ല. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ബ്ലൂടൂത്ത്, ഡി.എല്‍.എന്‍.എ. തുടങ്ങി നിരവധി സാധ്യതകള്‍ മുന്നോട്ട്‌വെക്കുന്നുണ്ട് ഈ ഫോണ്‍.
2300 എം.എ.എച്ച്. ശേഷിയുള്ള വലിയ ബാറ്ററിയയാണ് ഓണര്‍ 3സിയിലുള്ളത്. മറ്റ് ഫോണുകളേക്കാള്‍ 30 ശതമാനം അധികം ഊര്‍ജക്ഷമത ഇതിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
സാംസങ് ഗാലക്‌സി കോര്‍ (വില 13600 രൂപ), മോട്ടോ ജി (വില 13,990 രൂപ), സോണി എക്‌സ്പീരിയ എല്‍ (വില 13,990 രൂപ), മൈക്രേമാക്‌സ് കാന്‍വാസ് ടര്‍ബോ എ250 (വില 15299 രൂപ) എന്നീ ഫോണുകളോടാവും വാവേ ഓണര്‍ 3സിയ്ക്ക് മത്സരിക്കേണ്ടിവരുക.
No comments:
Post a Comment