മുന്‍നിരക്കാര്‍ക്കിടയില്‍ മാറ്റുരയ്ക്കാന്‍ എല്‍ജി ജി3

ഉന്നതശ്രേണിയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് ഒരു പുതിയൊരെണ്ണം കൂടി. എല്‍ജിയുടെ മുന്‍നിര ഫോണുകളിലൊന്നായ ജി3 ( LG G3 ) ആണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പുതിയ അവതാരം. ജി3 തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ജി3 യുടെ 16 ജിബി പതിപ്പിന് 47,990 രൂപയും, 32 ജിബിക്ക് 50,990 രൂപയുമാണ് വില. പൂര്‍ണ്ണമായ മെറ്റാലിക് ബോഡിയോടുകൂടി മികച്ച ഡിസൈനുമായി എത്തിയിരിക്കുന്ന ജി3 മെറ്റാലിക് ബ്ലാക്ക്, സില്‍ക്ക് വൈറ്റ്, ഷൈന്‍ ഗോള്‍ഡ്, മൂണ്‍ വയലറ്റ്, ബര്‍ഗണ്ടി റെഡ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.
നിലവിലുള്ള സാങ്കേതികരീതികളെ കടത്തിവെട്ടുന്ന നീക്കമാണ് ജി3 യിലൂടെ നടത്തിയിരിക്കുന്നതെന്ന് എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ എംഡി സൂണ്‍ ക്വോണ്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പത്തു ശതമാനം വിഹിതമെങ്കിലും നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സൂണ്‍ ക്വോണ്‍ പറഞ്ഞു.
അമിതാഭ് ബച്ചനാണ് ജി3 യുടെ ബ്രാന്‍ഡ് അമ്പാസിഡര്‍. ബിഗ് ബിയുടെ ഒപ്പോടു കൂടിയ 15,000 ലിമിറ്റഡ് എഡിഷന്‍ ജി3 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നും എല്‍ജി അറിയിച്ചു.

5.5 ഇഞ്ച് ക്വാഡ് എച്ച്ഡി സ്‌ക്രീനാണ് ജി3 യ്ക്ക് എല്‍ജി നല്‍കിയിരിക്കുന്നത്. 2560 X 1440 ആണ് റിസല്യൂഷന്‍. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 2 ജിഗാഹെര്‍ട്‌സ് / ക്വാഡ്-കോര്‍ പ്രൊസസ്സര്‍ ആണ് കരുത്തുപകരുന്നത്.
ജി3 യുടെ 16 ജിബി പതിപ്പില്‍ 2 ജിബി റാമും, 32 ജിബി പതിപ്പില്‍ 3 ജിബി റാമുമാണ് ഉള്ളത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ ഉയര്‍ത്താം. 2ജി, 3ജി, 4ജി കണക്ടിവിറ്റി പിന്തുണയുള്ള ഫോണാണ് ജി3.
13 മെഗാപിക്‌സല്‍ ഡ്യുവല്‍ ഫ് ളാഷ് മുഖ്യ കാ്യാമറയില്‍ ലേസര്‍ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യയുണ്ട്. 2.1 മെഗാപിക്‌സലിന്റേതാണ് മുന്‍ക്യാമറ.

മിസ്ഡ് കോളുകള്‍ തിരിച്ചു വിളിക്കുക, ഉപയോഗിക്കാത്ത ആപ്ലൂക്കേഷനുകള്‍ നീക്കംചെയ്യുക, ബാറ്ററിയില്‍ ചാര്‍ജ് കുറവാണെന്ന് ഓര്‍മിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താവിനെ അറിയിക്കാന്‍ 'സ്മാര്‍ട്ട് നോട്ടീസ്' എന്ന ഫീച്ചര്‍ ഫോണിലുണ്ട്.
'നോക്ക് കോഡ്' സംവിധാനമാണ് ജി3 യുടെ മറ്റൊരു സവിശേഷത. സ്‌ക്രീനില്‍ എട്ടുതവണ വരെ പ്രത്യേക രീതിയില്‍ ടാപ്പു ചെയ്ത് സ്‌ക്രീന്‍ ലോക്കുചെയ്യാനുള്ള ഓപ്ഷനാണിത്. ഉപയോക്താവിന് ഇഷ്ടമുള്ള രീതിയില്‍ സ്‌ക്രീനില്‍ 'തട്ടി' ലോക്കും അണ്‍ലോക്കും ചെയ്യാം. എണ്‍പതിനായിരത്തിലേറെ വ്യത്യസ്ത രീതിയില്‍ ഇത് കസ്റ്റമൈസ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.
വയര്‍ലെസ്സ് ചാര്‍ജിങിനുള്ള സംവിധാനവും എല്‍ജി ജി3 നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേക ഉപകരണം ആവശ്യമാണ്.
ഉയര്‍ന്ന ശ്രേണിയിലുള്ള മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍നിന്ന് വിഭിന്നമായി തുറക്കാനാവുന്ന പിന്‍ കവറും ബാറ്ററിയുമാണ് ജി3 യുടേത്. ഉപയോക്താവിന് ഒരു രണ്ടാം ബാറ്ററി ഉപയോഗിക്കാന്‍ ഇത് അനുവദിക്കുന്നെന്നാണ് എല്‍ജിയുടെ വാദം. (ചിത്രം കടപ്പാട് : ആന്‍ഡ്രോയ്ഡ് സെന്‍ട്രല്‍)
No comments:
Post a Comment